തലസ്ഥാനനഗരിയില്‍ തെരുവുയുദ്ധമെന്നു ചാനലുകളും പത്രങ്ങളും. സാമ്രാജ്യ വിസ്തൃതിക്കു വേണ്ടി യുദ്ധം ചെയ്യുന്ന ശത്രുരാജ്യങ്ങളല്ല ഇതിലെ എതിരാളികള്‍. സ്വന്തം സംസ്‌കാരത്തിലും ഉയര്‍ന്ന വിദ്യാഭ്യാസനിലവാരത്തിലും അഹങ്കരിക്കുന്ന കോളജ് വിദ്യാര്‍ഥികളടക്കമുള്ള യുവജനങ്ങള്‍ ഒരുവശത്ത്. നമ്മുടെയൊക്കെ ജീവനും സ്വത്തിനും സുരക്ഷ പകരേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പൊലീസ് സേനാംഗങ്ങള്‍ മറുവശത്ത്.
179 വര്‍ഷത്തെ മഹനീയ പാരമ്പര്യമുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പരിസരമാണു മുഖ്യവേദി. പ്രാതഃസ്മരണീയനായ സ്വാതിതിരുനാള്‍ 'രാജാസ് ഫ്രീ സ്‌കൂള്‍ എന്ന പേരില്‍ 1834ല്‍ തുടക്കം കുറിച്ച്, 32 വര്‍ഷത്തിനു ശേഷം കോളജ് ആയി ഉയര്‍ന്ന സരസ്വതീക്ഷേത്രം. ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനത്തു വരെയെത്തിയ പൂര്‍വ വിദ്യാര്‍ഥികളുടെ പെരുമയുള്ള മഹാസ്ഥാപനം. ഇന്നവിടെ ചോരയും നീരുമുള്ള ചെറുപ്പക്കാരായ വിദ്യാര്‍ഥികള്‍ പാറക്കഷണങ്ങളും പെട്രോള്‍ ബോംബും കുന്നുകൂട്ടി പൊലീസ് സേനയുമായി യുദ്ധം ചെയ്യുന്നു. അഥവാ, പ്രായത്തിനൊത്ത വിവരവും വിവേകവും ഉണ്ടെന്നു നാം കരുതുന്ന രാഷ്ട്രീയ നേതാക്കള്‍ കുട്ടികളെ കുട്ടിക്കുരങ്ങുകളാക്കി യുദ്ധം ചെ!ിക്കുന്നു.
പൊലീസിന്റെ പക്ഷത്തും വന്‍ വീഴ്ചയുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടേണ്ടപ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട ചിട്ടകളും നടപടിക്രമങ്ങളുമുണ്ട്. അതിലൊന്നും പൗരന്മാരുടെ നേര്‍ക്കു നേരിട്ടോ ജനക്കൂട്ടത്തിലേക്ക് അലക്ഷ്യമായോ കല്ലെറിയുന്നത് ഉള്‍പ്പെടുത്തിയിട്ടില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസുകാരെക്കൊണ്ടു മേലധികാരികള്‍ കല്ലെറിയിക്കുന്ന കുറ്റം ഇവിടെ നിര്‍ബാധം തുടരുന്നു.
ഇത്തരത്തിലുള്ള സമരങ്ങളെ ന്യായീകരിക്കാന്‍ പല വാദങ്ങളും നിഷ്പ്രയാസം നിരത്താം. പക്ഷേ, വരുംതലമുറയോട് ഇടതും വലതും വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ചെയ്യുന്ന ഈ മഹാപാതകം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതല്ലേ?
ചര്‍ച്ചകള്‍ വഴിയുള്ള ഭരണം എന്നു ജനാധിപത്യത്തിനൊരു നിര്‍വചനമുണ്ട്. നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതകള്‍ നിരന്തരം നിരീക്ഷിച്ചു ജനക്ഷേമകരമായ പുതുനിയമങ്ങള്‍ നിര്‍മിക്കുകയാണു നിയമസഭയുടെ മുഖ്യ ചുമതല. അതൊഴികെയുള്ള കാര്യങ്ങള്‍ മാത്രം നടക്കുന്ന വേദിയായി നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനപ്രതിനിധിസഭ മാറിക്കഴിഞ്ഞു.
ശാന്തമായ വിദ്യാലയാന്തരീക്ഷത്തിലിരുന്നു വിഷയങ്ങള്‍ പഠിച്ചു പ്രാവീണ്യം നേടേണ്ട പതിനെട്ടും ഇരുപതുമൊക്കെ പ്രായമുള്ള കുട്ടികളെ തെരുവുഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതു വരുംതലമുറയോടു മുതിര്‍ന്നവര്‍ ചെയ്യുന്ന മഹാപരാധമാണ്. അവരുടെ അധികാരമത്സരത്തിനുള്ള ചതുരംഗപ്പലകയിലെ കരുക്കളാക്കി കുട്ടികളെ നിഷ്‌കരുണം കുരുതികൊടുക്കുന്നു.
നേതാക്കള്‍ അവരുടെ ജീവിതപ്പാത തെളിച്ചുകഴിഞ്ഞവരാണ്. തങ്ങള്‍ അകപ്പെട്ടിരിക്കുന്ന കുരുക്കിനെപ്പറ്റി ബോധമില്ലാത്ത കുട്ടികള്‍ അബദ്ധം തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ആയിരം പേരുടെ ജീവിതം തുലഞ്ഞിട്ടായിരിക്കും അവരിലൊരാള്‍ നേതാവായി മാറുന്നത്.
തീവ്രമായി വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് ഒടുവില്‍ എങ്ങുമെങ്ങുമെത്താത്ത പലരും പില്‍ക്കാലത്തു തെറ്റു തിരിച്ചറിഞ്ഞു പശ്ചാത്താപത്തിന്റെ ഭാഷയില്‍ പരാതിപ്പെടുന്നതു കേട്ടിട്ടുണ്ട്.
പെട്രോള്‍ ബോംബും പാറക്കഷണവും പൊലീസിനു നേര്‍ക്കു വലിച്ചെറിയുക, എതിര്‍ചേരിയില്‍പ്പെട്ടവരെ ആണ്‍-പെണ്‍ ഭേദമെന്യേ പരസ്യമായി ഇരുമ്പുവടികൊണ്ടു പോലും അടിച്ചു കീഴ്‌പെടുത്തുക തുടങ്ങിയ ക്രിമിനല്‍കുറ്റങ്ങള്‍ ചെയ്യുന്ന വിദ്യാര്‍ഥി നേതാക്കളില്‍ നിന്ന് എന്തുതരം അച്ചടക്കമാണു പിറ്റേന്നു ക്ലാസ്മുറിയില്‍ പ്രതീക്ഷിക്കാനാവുക?
കലാലയങ്ങളിലെ അധ്യയന - അധ്യാപന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ബൃഹദ് പദ്ധതികള്‍ കേരളസര്‍ക്കാര്‍ രൂപപ്പെടുത്തി നടപ്പാക്കാനുള്ള ശ്രമത്തിലാണ്. കുടം കമഴ്ത്തിവച്ചു വെള്ളമൊഴിച്ചു നിറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയുള്ള വൃഥാവ്യായാമങ്ങളല്ലേ അത്തരം ഉദ്യമങ്ങള്‍?
സ്വന്തം കുട്ടികള്‍ നാലക്ഷരം പഠിച്ചു ജീവസന്ധാരണത്തിനുള്ള ശേഷികള്‍ ആര്‍ജിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഏതു രക്ഷിതാവും കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നത്. പക്ഷേ, സ്വാര്‍ഥമോഹികളായ രാഷ്ട്രീയനേതാക്കള്‍ അവരെ തട്ടിയെടുത്തു ദുരുപയോഗം ചെയ്യുന്നു. ആരാന്റമ്മയ്ക്കു പ്രാന്തുപിടിച്ചാല്‍ കാണാനെന്തൊരു ചേല് എന്ന മട്ടില്‍ ചാനല്‍വാര്‍ത്തകള്‍ കണ്ടു രസിക്കുന്ന ചുരുക്കം ചിലരുമുണ്ടാകാം. പക്ഷേ, വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന ഈ വ്യായാമം മറ്റു സംസ്ഥാനങ്ങളിലില്ലെന്നും നാമോര്‍ക്കണം. തലമുറകളെ തുലയ്ക്കുന്ന ഈ കൊടുംക്രൂരത അവസാനിപ്പിക്കാന്‍ നമുക്കു കഴിയില്ലേ?