
ഗാന്ധിനഗര്‍: നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച, വിജയസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ബിജെപി രഹസ്യമായി പങ്ക് വയ്ക്കുന്നു. അത് കൊണ്ടു തന്നെ, കെജ്രിവാളിനെ ദില്ലിയില്‍ തളച്ചിടാനാണ് ബിജെപി നേതാക്കള്‍ക്ക് മോദിയുടെ നിര്‍ദേശം
രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ഗുജറാത്തില്‍ത്തന്നെ നേരിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
പുലിയെ മടയിലെത്തി നേരിടുന്ന ആം ആദ്മി പാര്‍ട്ടിയുടെ നയം വിജയം കണ്ടെന്നാണ് ആദ്യ സൂചനകള്‍. ഗുജറാത്തില്‍ ഈ മാസം മാത്രം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയാണ് പാര്‍ട്ടി.
വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങള്‍ക്ക്, 5 മിനിറ്റിന് 60 രൂപ പാര്‍ക്കിംഗ് നിരക്ക് ഈടാക്കുന്നതിനും സ്‌കൂളുകളില്‍ ഉയര്‍ന്ന ഫീസും ഡൊണേഷനും
വാങ്ങുന്നതിനും എതിരെ പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനങ്ങള്‍ പിന്തുണച്ചു കഴി!ഞ്ഞു. സംസ്ഥാനത്തെ 26 ലോക്‌സഭാ മണ്ഡലങ്ങളിലും കെജ്രിവാളിന്റെ
റോഡ്‌ഷോകളും റാലികളും ഉടനുണ്ടാകും.
മധ്യവര്‍ഗ്ഗത്തിനിടയില്‍ കെജ് രിവാളിന്റെ പിന്തുണ വര്‍ധിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും എന്ന് തിരിച്ചറിഞ്ഞ നരേന്ദ്ര മോദി, ദില്ലി നിയമസഭയിലെ
പ്രതിപക്ഷ നേതാവ് ഹര്‍ഷവര്‍ദ്ധനെ അടിയന്തിരമായി വിളിച്ചുവരുത്തിയിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് ഹര്‍ഷവര്‍ദ്ധനോട് മോദി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ച്, കെജ് രിവാളിനെ ദില്ലിയില്‍ തന്നെ തളച്ചിടാനും മോദി നിര്‍ദേശം നല്‍കി .
2009ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ. അദ്വാനി, ഗാന്ധിനഗറില്‍ മത്സരിച്ചിട്ടും ഗുജറാത്തില്‍ ബിജെപി ജയിച്ചത് 14 സീറ്റില്‍ മാത്രമായിരുന്നു. ആം ആദ്മി പാര്‍ട്ടി കരുത്താര്‍ജിക്കുമ്പോള്‍, ഗുജറാത്തില്‍ ഇത്തരത്തില്‍ ഒരു ഭീഷണി തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.