കേരളത്തിന്റെ തീന്‍മേശയില്‍ ഇന്നുമുതല്‍ കോഴിയുണ്ടാവില്ല.നഗരത്തിലെ ഫാസ്റ്റുഫുഡ് കടകളും ഷവര്‍മ്മ , ആറേബ്യന്‍ ചിക്കന്‍ കടകളും അനിശ്ചിതകാലത്തേക്ക് അടയും. ഇറച്ചിക്കോഴിവില ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കാന്‍ ഹോട്ടലുടമകളില്‍ ഒരു വിഭാഗം തീരുമാനിച്ചു.
ഇതില്‍ പ്രതിഷേധിച്ച് കോഴി കച്ചവടക്കാരും രംഗത്തുവന്നു. സംസ്ഥാനത്തെ കോഴിക്കടകളില്‍ ഇന്നും നാളെയും കോഴിക്കച്ചവടം ഉണ്ടായിരിക്കുന്നതല്ല.
ഹോട്ടലുകാര്‍ ബഹിഷ്‌കരണം പിന്‍വലിച്ചില്ലെങ്കില്‍ സമരം അനിശ്ചിതമായി തുടരുമെന്നാണ് സൂചന. പക്ഷിപ്പനി ബാധിച്ചപ്പോള്‍ 35 രൂപയ്ക്കു കോഴി നല്‍കിയിട്ടും ഹോട്ടലുകള്‍ ഇറച്ചിവിഭവങ്ങള്‍ക്കു വില കുറച്ചിരുന്നില്ലെന്ന് കോഴി വില്‍പ്പനക്കാര്‍ ആരോപിക്കുന്നു. മാത്രമല്ല 460 രൂപ വിലയുള്ള മട്ടണും 250 രൂപ വിലയുള്ള ബീഫും ഹോട്ടലുകാര്‍ ബഹിഷ്‌കരിക്കാതെ ചിക്കനെ ബഹിഷ്‌കരിക്കുന്നതില്‍ നീതിയില്ലെന്നും ആരോപണമുണ്ട്.
നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൊത്തവ്യാപാരികള്‍ ലോഡ് എടുക്കുന്നതു നിര്‍ത്തിവച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിവരവ് ഇന്നുമുതല്‍ നിലയ്ക്കും. അഞ്ചുലക്ഷം കിലോ കോഴിയാണ് ഓരോ ദിവസവും അതിര്‍ത്തി കടന്നുവരുന്നത്. കേരളത്തില്‍ കോഴിക്ക് വില കുതിച്ചുയരുമ്പോള്‍ തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 82 രൂപയാണ് വില. സംസ്ഥാനത്ത് കോഴിക്ക് 130 രൂപയിലധികമാണ് വില. സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കൊണ്ടുവരാന്‍ 13.5% പ്രവേശന നികുതി നല്‍കണം. കിലോയ്ക്ക് 70 രൂപ കണക്കാക്കിയാണു നികുതി ഈടാക്കുന്നത്. ഏകദേശം 9.50 രൂപ നികുതിയിനത്തില്‍ നല്‍കണം. യാത്രച്ചെലവും ചില്ലറ വില്‍പനക്കാരന്റെ ലാഭവും കണക്കാക്കിയാലും നൂറുരൂപയ്ക്കു വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ വിലവര്‍ധനയാണെന്ന് പറഞ്ഞ് അധികവില ഈടാക്കുന്നതായും പരാതിയുണ്ട്. വില കുതിച്ചുയര്‍ന്നിട്ടും വില്‍പനയില്‍ കുറവ് അനുഭവപ്പെട്ടില്ല. തമിഴ്‌നാട്ടില്‍ കന്നുകാലികളില്‍ ആന്ത്രാക്‌സ് രോഗം കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ മാട്ടിറച്ചിയുടെ ആവശ്യം കുറയുകയും കോഴിയുടേത് വര്‍ധിക്കുകയും ചെയ്തതാണ് വില്‍പന കുറയാതിരിക്കാന്‍ കാരണം.
പക്ഷിപ്പനിക്കാലത്ത് കേരളം കോഴി നിരോധിച്ചതിന്റെ നഷ്ടം നികത്താനാണ് വില കൂട്ടിയതെന്നാണ് തമിഴ്‌നാട്ടിലെ വ്യാപാരികളുടെ വാദം. തമിഴ്‌നാട്ടിലെ പവര്‍കട്ടാണു വിലവര്‍ധനയ്ക്കു മറ്റൊരു കാരണമായി പറയുന്നത്. ഹാച്ചറികളുടെ പ്രവര്‍ത്തനത്തിനു ജനറേറ്ററുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. കോഴിത്തീറ്റയുടെ വിലവര്‍ധനയാണു മറ്റൊരു ഘടകം. ഇതിനിടയില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ എല്ലാ ആവശ്യക്കാര്‍ക്കും വിപണി വിലയെക്കാള്‍ കിലോയ്ക്ക് 20 രൂപ കുറച്ചു കോഴിയിറച്ചി നല്‍കാന്‍ തയാറാണെന്നു എറണാകുളത്തെ ഫാം ഉടമകള്‍ വാഗാദാനവുമായി വന്നിട്ടുണ്ട്.