BREAKING NEWS

Monday, February 4, 2013

അമ്മമാരുറങ്ങാത്ത കാലം.....

 http://bbsimg.ngfiles.com/1/20101000/ngbbs4ac18693780b0.jpg


                                                                 അമ്മമാരുടെ മനസ്സിലെപ്പോഴും കനലാണ്.ചിലപ്പോഴത് ആളിക്കത്തും,അല്ലാത്തപ്പോള്‍ എരിഞ്ഞു  കൊണ്ടിരിക്കും.ആ കനലണഞ്ഞ നേരമുണ്ടാവില്ല.
പെണ്മക്കളുള്ള അമ്മമാരാണെങ്കില്‍ പ്രത്യേകിച്ചും.
പിഞ്ചു കുഞ്ഞ് ആയാലും,പാവാടക്കാരി ആയാലും,പ്രായമേറെ ചെന്നാലും ശരി,പെണ്ണെന്ന രൂപം കണ്ടാല്‍ മതി ചില ചെന്നായ്ക്കള്‍ക്ക് ഭ്രാന്തിളകാന്‍.
പിന്നെങ്ങിനെ അമ്മമാര്‍ സ്വസ്ഥതയോടെയിരിക്കും?


വളരെ സങ്കടത്തോടെയാണ് ഈ വരികള്‍ ടൈപ്പ് ചെയ്യുന്നത്.
ഇയ്യിടെഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി മൃഗീയമായി ആക്രമിക്കപ്പെട്ട വാര്‍ത്ത നെഞ്ച് കീറുന്ന വേദനയോടെയാണ് വായിച്ചത്.
മനുഷ്യര്‍ക്ക്‌ ഇത്രയും അധപതിക്കാന്‍ കഴിയുമോ?അവര്‍ക്കുമുണ്ടാവില്ലേ അമ്മയും പെങ്ങളും?
ദിവസേന പത്രത്തില്‍ ഇത്തരം എത്ര വാര്‍ത്തകളാണ് വരുന്നത്..?എന്നാല്‍ അതിലെ ഒരു പ്രതിയെപ്പോലും മാതൃകാപരമായി ശിക്ഷിച്ചു കേട്ടിട്ടില്ല.പിന്നെങ്ങിനെ സമൂഹത്തില്‍ അത്തരം നരാധമന്മാര്‍ ഉണ്ടാകാതിരിക്കും??
പീഡനം എന്ന വാക്ക് പോലും നിഘണ്ടുവില്‍ അര്‍ഥം മാറ്റി എഴുതേണ്ട അവസ്ഥയാണ്.
ആര് ആരെയൊക്കെയാണ് പീഡിപ്പിക്കുന്നത് എന്നത് അചിന്തനീയം...

ബാക്കി എല്ലാ വാര്‍ത്തകളെയും പോലെ കുറച്ചു നാള്‍ ആഘോഷിക്കുകയും അതിനു ശേഷം താല്പര്യം നശിക്കുകയും ചെയ്യുന്ന ഒരു സ്റ്റോറി എന്നതിനപ്പുറം പത്രക്കാര്‍ പോലും ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
എന്തൊരു കഷ്ടമാണിത് ?
കാടന്മാരായ,മൃഗതുല്യരായ ചില പുരുഷന്മാര്‍ കാരണം സ്ത്രീകള്‍ക്ക് ഇവിടെ നീണ്ടു നിവര്‍ന്ന്  നടക്കാന്‍ കഴിയുന്നില്ല എന്നത് എവിടുത്തെ ന്യായമാണ് ?

പിന്നെ ടിവിയില്‍ കണ്ടു മകളെ പീഡിപ്പിച്ച പിതാവിന് ഏഴു വര്‍ഷം തടവെന്ന്.ആ ചെകുത്താന്‍ ജീവിക്കാനര്‍ഹനാണോ?
നമ്മുടെ നിയമ വിദഗ്ധരും നിയമ വ്യവസ്ഥയും തലപുകഞ്ഞാലോചിക്കട്ടെ.
ഇത്തരം കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ സമൂഹത്തില്‍ വിലസി നടക്കുന്നത് കൊണ്ട് തന്നെയാണ് കൂടുതല്‍ കൂടുതല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.
വധ ശിക്ഷ തന്നെയാണ് ഇക്കൂട്ടര്‍ക്ക് കൊടുക്കേണ്ടത്.മാനഭംഗത്തിലൂടെ ഒരു പെണ്ണ് ആയിരം തവണ മരിച്ചു ജീവിക്കുമ്പോള്‍ ആ ക്രൂരത അവളോട്‌ കാണിച്ച നീചന്‍ ഒരു തവണയെങ്കിലും മരിക്കേണ്ടേ?
22fk എന്ന സിനിമ ഓര്‍ത്തു പോകുന്നു.ഇനിയുള്ള നാളുകളില്‍ സംഭവിക്കാന്‍ പോകുന്നത് അതൊക്കെ തന്നെയാവും.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ജീവിതം മുഴുവന്‍ കണ്ണീരൊഴുക്കി കഴിയുകയും പ്രതി സുഖ സുന്ദരമായി ജീവിക്കുകയും ചെയ്യുമ്പോള്‍,പ്രിയപ്പെട്ടവരേ.
.അത്തരം അവസരങ്ങളിലായിരിക്കും ഓരോ തീവ്രവാദിയും ജനിച്ചു പോകുന്നത്..


ദുഷ്ടന്മാരേ..,നരഭോജികളേ..കരുതിയിരുന്നു കൊള്ളൂ..ഒരു നാള്‍ നിങ്ങള്‍ വലയില്‍ വീഴും.

നാനാത്വത്തില്‍ ഏകത്വം കാണുന്നത്  ഈയൊരു കാര്യത്തിലാണെന്ന് തോന്നുന്നു.കാശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള നാടുകളിലെ ചരിത്രം എടുത്തു നോക്കിയാല്‍ എല്ലാ സ്ഥലത്തും സംഭവം ഒന്ന് തന്നെ.പ്രതികളും അപ്രകാരം സാധാരണക്കാരില്‍ തുടങ്ങി സമൂഹത്തിലെ ഉന്നതര്‍ തൊട്ട് സെലിബ്രിറ്റികള്‍ വരെ..ജാതിമത ഭേദമന്യേ..എന്തൊരു മതേതരത്വം!
പേരിനൊരു ജയില്‍ വാസവും കഴിഞ്ഞ് പുഷ്പം പോലെ പുറത്ത് വന്ന് ജനങ്ങളുടെയിടയില്‍ അവര്‍ സ്വൈര്യ വിഹാരം നടത്തുകയാണ്.ചിലപ്പോള്‍ ജയില്‍ വാസം പോലുമില്ല.
ഇതൊക്കെ കാണുമ്പോള്‍..,കേള്‍ക്കുമ്പോള്‍..,പിടയ്ക്കുന്നത്‌ അമ്മമാരുടെ ഹൃദയമാണ്..
ആളിക്കത്തുന്നത്‌ അവരുടെ ഉള്ളിലെ തീയാണ്..
കഴുകനും കാക്കയും കാണാതെ പ്രാപ്പിടയനും പരുന്തും കാണാതെ ഞങ്ങളെവിടെയാണ് അവരെ ഒളിപ്പിക്കേണ്ടത്??
ഭാഗ്യം ഞാന്‍ ഒറ്റ മോനാ  ;) :D :P

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes