BREAKING NEWS

Wednesday, February 6, 2013

ഡല്‍ഹിയും പറയാത്തത്…


683000 forcible rapes occur every year, which equals 1.3 per minute…

ഇങ്ങനെയൊരു കണക്കു വായിക്കാനിടയായി. കണക്കല്ലേ… തെറ്റാന്‍ സാധ്യതയുണ്ട് എന്നു കരുതി ആശ്വസിക്കാം. എന്നാലും നമ്മള്‍ അറിയപ്പെടാതെ പോകുന്ന ലൈംഗിക അതിക്രമങ്ങള്‍ ഒരു ദിവസം എത്രയെണ്ണം നാട്ടില്‍ നടക്കുന്നുണ്ടാകും? അതില്‍ ബലാല്‍സംഗങ്ങള്‍ മാത്രമല്ല കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മുതല്‍ ഒരു ഭാര്യയ്ക്കോ വേശ്യയ്ക്കോ സഹിക്കേണ്ടി വരുന്ന ലൈംഗിക വൈകൃതങ്ങള്‍ വരെയുണ്ടാവും…

സത്യത്തില്‍, പലപ്പോഴായി അറിയാറുള്ള ഓരോ ബലാല്‍സംഗ വാര്‍ത്തയും ഒരു പുരുഷന്‍ എന്ന നിലയിലുള്ള എന്റെ അഭിമാനത്തെയാണ് ബലാല്‍സംഗം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും അവസ്ഥ വ്യത്യസ്തമല്ല എന്ന് കരുതുന്നു. എവിടെ നടന്നതായാലും എല്ലാം ഒരേ പോലെ ചിന്തിക്കപ്പെടേണ്ടതു തന്നെ. അല്ലാതെ സ്ത്രീയുടെ മാനത്തിന് ഡല്‍ഹിയില്‍ മാത്രം കൂടുതല്‍ വിലയൊന്നുമില്ലല്ലോ? അത് എല്ലായിടത്തും ഒന്ന് തന്നെയാണ്. എന്നാല്‍ പ്രതികള്‍ക്ക് പലയിടങ്ങളിലും പല മുഖമാണ്. അതില്‍ സാഹചര്യങ്ങള്‍ വളര്‍ത്തിയ ഒരു ഗോവിന്ദച്ചാമിയെ മാത്രമല്ല, വിദ്യ പകര്‍ന്നു നല്‍കേണ്ട അധ്യാപകനും, കാവലാവേണ്ട പട്ടാളക്കാരനും നില മറക്കുന്ന പിതാക്കന്‍മാരും കാണും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? അല്ലല്ലോ… ദിവസങ്ങളുടെ ആയുസ്സുള്ള പ്രതിഷേധങ്ങളും, പ്രതീക്ഷയറ്റ നിയമനിര്‍മ്മാണവും, താല്‍ക്കാലികമായ ചര്‍ച്ചകളും അല്ലാതെ എപ്പോഴെങ്കിലും കാരണങ്ങളുടെ വേരുകളിലേക്ക് ചിന്ത പോയിട്ടുണ്ടോ? ഞാനിപ്പോള്‍ നില്‍ക്കുന്നത് അവിടെയാണ്…
ടിവിയില്‍ കോണ്ടത്തിന്റെ പരസ്യം കണ്ടിട്ട് ‘ഇതെന്താ അമ്മേ?’ എന്ന് കുട്ടി ചോദിക്കുമ്പോള്‍ ‘മിണ്ടാതിരിയെടാ’ എന്ന് പറഞ്ഞ് പേടിപ്പിക്കുന്നിടത്ത് പ്രശ്‌നം തുടങ്ങുകയാണ്. സാനിറ്ററി പാഡ് വാങ്ങിക്കാന്‍ കടലാസില്‍ എഴുതി കൊടുക്കുമ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള അവന്റെ ആകാംഷയെ അവഗണിക്കാനുള്ള ശ്രമവും, മെഡിക്കല്‍ ഷോപ്പുകാരന്റെ മുന വെച്ചുള്ള സംസാരവും എല്ലാം പ്രശ്‌നമാണ് ഭായ്… പഠിക്കുന്ന സമയത്ത് ബയോളജി ക്ലാസ് എന്നുമൊരു ദുരൂഹതയായിരുന്നു. ബയോയാജി പഠിപ്പിക്കുന്ന ടീച്ചര്‍ പലപ്പോഴും ഒരു തമാശയും. പല കാര്യങ്ങളും ടീച്ചര്‍ മനപ്പൂര്‍വ്വം അങ്ങ് വിട്ടുകളയും. പലരുടെയും അവസ്ഥ ഇക്കാര്യത്തില്‍ വ്യത്യസ്തമല്ലായിരുന്നു എന്നത് അന്വേഷണത്തില്‍ നിന്നും മനസിലായ ഒന്നാണ്. ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്താനല്ലാതെ ശരിയായ ലൈംഗിക വിദ്യാഭ്യാസം തരാന്‍ എന്തു കൊണ്ട് കഴിയുന്നില്ല? എന്തു കൊണ്ട് കൂട്ടുകാരില്‍ നിന്നും, പരിചയക്കാരില്‍ നിന്നും, കൊച്ചു പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടികളില്‍ വളരാന്‍ അനുവദിക്കുന്നു? മൂടിവെയ്ക്കപ്പെട്ടത് തുറന്നു നോക്കാന്‍ എന്നും ആകാംഷ കൂടും എന്നത് ഒരു യാദാര്‍ത്ഥ്യമല്ലേ? ഇന്നും ഒരു പെണ്‍കുട്ടി വയസറിയിക്കുമ്പോള്‍ സമപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ അറിയാന്‍ പാടില്ലാത്ത രഹസ്യമായിട്ടാണ് പലരും കരുതിപ്പോരുന്നത്. ഒരിക്കല്‍ ക്ലാസ് മുറിയില്‍ വെച്ച് രക്തം കണ്ട് വല്ലാത്ത അവസ്ഥയിലായിപ്പോയ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. അന്ന് എന്താണ് സംഭവം എന്ന് അറിയാന്‍ ശ്രമിച്ചവരെയെല്ലാം ടീച്ചര്‍ ശകാരിച്ച് ഇരുത്തുകയാണ് ഉണ്ടായത്. പിന്നീട് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ ഞാനടക്കം മറ്റു കുട്ടികള്‍ ഒരു വിചിത്ര ജീവിയെപ്പോലെ അവളെ നോക്കിയതും ചില കുറുമ്പന്‍മാര്‍ അവളെ കളിയാക്കി ചിരിച്ചതും ഇന്നും ഞാന്‍ മറന്നിട്ടില്ല. സ്‌നേഹപൂര്‍വമായ ഭാഷയിലൂടെ ആശങ്കകള്‍ വളര്‍ത്താതെ സമാധാനിപ്പിക്കുന്ന ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു നല്ല കള്ളമെങ്കിലും പറഞ്ഞ് ടീച്ചര്‍ക്ക് അന്ന് ആ ഒരു അവസ്ഥ ഒഴിവക്കാമായിരുന്നതല്ലേ?
പക്വത ഉറയ്ക്കുന്നതിനു മുന്‍പേ ഒരാള്‍ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമടക്കം പ്രാചീനവും വര്‍ത്തമാനപരവുമായ സംസ്‌കാരങ്ങളും കാഴ്ച്ചപ്പാടുകളും അവന്റെ തന്നെ നിരീക്ഷണങ്ങളും എല്ലാമാണ് പിന്നീടുള്ള ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. അതില്‍ മായം കലര്‍ന്നാല്‍??? കുട്ടികള്‍ക്ക് ശരീരത്തെക്കുറിച്ചുള്ള ഒരു ബോധം വരുന്നതിനു മുന്‍പേ തന്നെ ലളിതമായ ഭാഷയില്‍ ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു ചെറിയ ധാരണയെങ്കിലും കൊടുക്കാന്‍ കഴിയേണ്ടതല്ലേ? അത് ഇല്ലാത്തതു കൊണ്ട് പലരും സ്വയം പഠിക്കുന്നു. സ്വയം പഠിക്കുമ്പോള്‍ ചിലര്‍ക്ക് ശരിയായ വഴി കിട്ടിയേക്കാം, ചിലര്‍ മറ്റുള്ളവരെയും കൂടി വഴി തെറ്റിച്ചേക്കാം. നല്ല മാതാപിതാക്കളെങ്കിലും ഇതിനു മുന്‍കൈ എടുക്കണം. നന്‍മയുടേയും തിന്‍മയുടേയും മുത്തശ്ശിക്കഥകള്‍ കേട്ട് വളരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആ സംസ്‌കാരവും മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പൊതിഞ്ഞു കൊടുത്തില്ലെങ്കിലും നേരിട്ടെങ്കിലും നന്‍മ ചൊല്ലിക്കൊടുക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ പറ്റൂ. നമ്മുടെ കുട്ടിയെ കണ്ടവര് പഠിപ്പിക്കുന്നതിന് മുന്‍പ് നമ്മള് നേര്‍ വഴി കാണിക്കുന്നതല്ലേ നല്ലത്. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ തന്തയുടെ തന്തയ്ക്കും ആ തള്ളയുടെ തള്ളയ്ക്കും വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ലൈംഗികതയ്ക്കും ശരീരത്തിനും ഒരു പരിധിയില്‍ കൂടുതല്‍ കൊടുക്കുന്ന രഹസ്യ സ്വഭാവവും അതിനെ സംബന്ധിച്ച ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, ഊതിപ്പെരുപ്പിക്കലുകളും, അമിത പ്രാധാന്യവും എല്ലാം കൂട്ടു പ്രതികള്‍ തന്നെയാണ്. വാത്സ്യായനന്‍ കാമസൂത്രം രചിച്ച നാടാണ് എങ്കിലും ടലഃ എന്ന് ഉറക്കെ പറയാന്‍ പോലും ഇപ്പോഴും പലര്‍ക്കും ചമ്മലാണ്. എന്നാല്‍ ആ ഒരു വാക്കിനോട് വല്ലാത്ത ഒരു ആര്‍ത്തിയാണ് താനും. ടലഃ എന്ന ഒരു തലക്കെട്ട് കണ്ടാല്‍ പരസ്യമായി നോക്കിയെല്ലെങ്കിലും രഹസ്യമായി ഒന്ന് കണ്ണോടിച്ചിട്ടേ പോകൂ. അതില്‍ ധൈര്യം കുറയേണ്ട ഒരു കാര്യവുമില്ല. എന്നാലും അതങ്ങനെയാണ്. ബലാല്‍സംഗമുണ്ടെങ്കില്‍ പത്രം വായിക്കാന്‍ ഒരു ഹരമാണ് എന്ന് പറയുന്നവരും. ആ കഥ വായിച്ചു പുളകം കൊള്ളുന്നവരും കുറവല്ല. പീഡിപ്പിച്ചില്ലെങ്കിലും പീഡനത്തിന്റെ വീഡിയോ യൂ ട്യൂബില്‍ കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുന്നവരും നമുക്കിടയില്‍ തന്നെയുണ്ട്. മാസികയിലെ ഡോക്ടറോട് ചോദിക്കാം പംക്തി ഒളിച്ചിരുന്ന് വായിക്കുന്നവരല്ലേ കൂടുതല്‍. പരസ്യമായി വായിക്കാന്‍ ധൈര്യം ഇല്ലാത്തത് പ്രശ്‌നമല്ലേ? ഈ ഒരു അവസ്ഥയിലേക്ക് എങ്ങനെയാണു നമ്മള്‍ എത്തുന്നത്? ഏവരും കൊട്ടിഘോഷിക്കുന്ന ‘ആദ്യരാത്രി’ തന്നെ ലൈംഗികതയ്ക്ക് നമ്മള്‍ കൊടുത്തു വരുന്ന അമിത പ്രാധാന്യത്തിന്റെ ഒരു ഉദാഹരണമല്ലേ? ആ ഒരു പ്രയോഗം തന്നെ പ്രശ്‌നമല്ലേ? ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തെറികള്‍ ലൈംഗികതയും ലൈംഗിക അവയവങ്ങളുമായും ബന്ധപ്പെട്ടതാണ് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എന്ത് കൊണ്ട്??? ഏറ്റവും മനോഹരമായ ഒരു വികാരം, ഒരേ സമയം ആവശ്യമുള്ള സ്ഥലത്ത് രഹസ്യ സ്വഭാവവും അനാവശ്യ സ്ഥലത്ത് ഊതി പെരുപ്പിക്കലും വഴി വികൃതമായി മാറിയതാണ്. പലപ്പോഴായി നമ്മള്‍ തന്നെ അങ്ങനെയാക്കി മാറ്റിയതാണ്. കോണ്ടത്തിന്റെ ഫ്‌ലേവറുകളുടെ വൈവിധ്യം ചോക്കളേറ്റ് മുതല്‍ സ്‌ട്രോബെറി വരെയുണ്ട്. ഇതെന്തിന് തിന്നാനോ? ലൈംഗികതയുടെ പരമാവധി മുതലെടുപ്പ് അതല്ലേ കാര്യം. ഏറ്റവും താല്പര്യമുള്ള സ്രോതസ്സ് ഏറ്റവും വലിയ വിപണിയാവുന്നതില്‍ അതിശയിക്കേണ്ട കാര്യമില്ലല്ലോ?
സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായ ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. ആദ്യം മാറേണ്ടത് കാലങ്ങളായി വെച്ചു പുലര്‍ത്തിപ്പോരുന്ന കാഴ്ച്ചപ്പാടുകളാണ്. റോസ് എന്ന പോളിഷ് ചിത്രത്തില്‍ നായിക റോസ് പട്ടാളത്താലും വിമതരാലുമൊക്കെ പല തവണ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. നിരാലംബയായ അവള്‍ക്ക് ഒരവസരത്തില്‍ ഏക സഹായമായെത്തുന്ന നായകന് ഒരവസരത്തില്‍ ചികിത്സയുടെ ഭാഗമായുള്ള ക്ലീനിങ്ങിനായി അവളെ സഹായിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ ജനനേന്ദ്രിയം കാണിക്കാന്‍ മടിക്കുന്ന അവളോട് അയാള്‍ ചോദിക്കുന്നുണ്ട് ‘എന്തിനാണു മടിക്കുന്നത് മറ്റേത് അവയവങ്ങളേയും പോലെ തന്നെയുള്ള ഒരു അവയവമല്ലേ ഇതും?’ എന്ന്. എന്റെ ഭാര്യയെ പട്ടാളം കളങ്കപ്പെടുത്തി എന്ന് പരിതപിക്കുന്ന കൂട്ടുകാരനോട് എല്ലാമറിഞ്ഞു കൊണ്ട് റോസിനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന അയാള്‍ റോസിന്റെ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് ‘എന്താണ് കളങ്കമെന്ന്?’ ചോദിക്കുന്നുമുണ്ട്. കന്യകാത്വത്തെക്കുറിച്ചും വിശുദ്ധിയെ കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ക്ക് എതിരെയുള്ള വലിയ ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട്. മുന്‍പ് വായിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ് Is virginity a BIG issue or a small Tissue?
പുരാതന കാലം മുതല്‍ക്കേ നിലനിന്ന് പോരുന്ന പുരുഷ മേല്‍ക്കോയ്മ, ഇന്ന ഇന്ന കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് സ്ത്രീ എന്ന് ബോധത്തില്‍ ഉറഞ്ഞ് കൂടി കല്‍ക്കരി പോലെ രൂപം കൊണ്ട കാഴ്ച്ചപ്പാടുകള്‍… ഇതൊക്കെ മാറണം . വാത്സ്യായനന്റെ കാമസൂത്രം പോലും തികച്ചും പുരുഷ പക്ഷത്തു നിന്നുള്ള ഒരു രചനയാണെന്നുള്ളതല്ലേ സത്യം? അതിനൊരു ബദല്‍ സ്‌െ്രെതണ കാമസൂത്രം ഉണ്ടാകാന്‍ 2012 ആവേണ്ടി വന്നു. പുരുഷന് ഒരു തുണയായാണ് ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത് അവന്റെ അടിമയായല്ല എന്ന് ചില ആണുങ്ങള്‍ മനസിലാക്കിയെ പറ്റൂ. അതിനു സ്ത്രീകളുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണം. ഇപ്പോഴും പ്രസവ മുറിയില്‍ ഭര്‍ത്താവിനെ നിര്‍ത്താന്‍ സമ്മതിക്കുന്ന എത്ര സ്ത്രീകള്‍ കാണും? ശ്വേത മേനോന്റെ പ്രസവം ക്യാമറയ്ക്ക് മുന്നിലായത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നിട്ടും വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിതിരുന്നതും മാറേണ്ട സംസ്‌കാരത്തിന്റെ സൂചനകളാണ് നല്‍കുന്നത്. സത്യത്തില്‍ അതില്‍ എന്ത് പ്രശ്‌നമായിരുന്നു ഉണ്ടായിരുന്നത്? അതിന് അവരെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? ‘നിനക്കൊന്നും അമ്മയും പെങ്ങമ്മാരും ഇല്ലേടാ?’ എന്ന ചോദ്യം ഇനിയെങ്കിലും സ്ത്രീകള്‍ നിര്‍ത്തണം. സ്ത്രീകളെ അമ്മയും പെങ്ങളും മാത്രമായി മാത്രം മഹത്വവല്‍ക്കരിക്കാതെ സ്ത്രീയായി ബഹുമാനിക്കാന്‍ പുരുഷന്‍ പഠിക്കട്ടെ. അല്ലാത്തവനെ നമ്മക്ക് ഒരു പാഠം പഠിപ്പിക്കാം.
ഓര്‍ക്കണം സ്ത്രീ എന്നത് നമ്മുടെ സമൂഹത്തില്‍ പുരുഷന് ഇന്നും ഒരു അത്ഭുത വസ്തുവാണ്. അത് അവസാനിപ്പിക്കാന്‍ അവര്‍ക്കിടയിലെ മതിലുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അക്കരെ നില്‍ക്കുന്നവന്‍ അടുത്ത് എത്തുന്നത് വരെ അയാള്‍ ആകാംഷയാണ്. അവളും എന്നെപ്പോലെ തന്നെ ഉള്ള ഒരു ജീവിയാണ് എന്ന് മനസിലാക്കാന്‍ ഒന്നിച്ച് ഇടപഴകാനുള്ള സാഹചര്യം കൂടുതല്‍ ഉണ്ടായേ തീരൂ. അതിനുള്ള സ്വാതത്ര്യവും സാഹചര്യവും ചെറുപ്പത്തിലേ ഉണ്ടാവുകയാണെങ്കില്‍ ബോധമുറയ്ക്കുമ്പോഴേക്കും അവര്‍ക്ക് പരസ്പരം ബഹുമാനിക്കാന്‍ കഴിയും. സ്ത്രീയ്ക്ക് വേണ്ടി പുരുഷനും പുരുഷന് വേണ്ടി സ്ത്രീയും സംസാരിച്ചോളും. അവര്‍ പരസ്പര പൂരകങ്ങള്‍ ആവും. ഇങ്ങനെ വളര്‍ന്നാല്‍ ഒരുത്തനും ഒരു പെണ്ണിനേയും തോണ്ടാന്‍ തോന്നില്ല. അവളുടെ വസ്ത്രത്തിന്റെ തുമ്പ് മാറുന്നത് ഒരിക്കലും അവനു പ്രലോഭാനമാവില്ല. ഇനി ആ ബന്ധത്തിനിടയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ കണ്ടെത്തട്ടെ. അവിടെ ഒരിക്കലും അനിഷ്ട്ടം ഉണ്ടാകുകയില്ല. ഇഷ്ട്ടത്തോട് കൂടി മാത്രമേ അവര്‍ ഒന്നിക്കൂ. അതു കാണുമ്പോള്‍ എനിക്ക് കിട്ടാത്തത് അങ്ങനെയിപ്പോ മറ്റുള്ളവര്‍ക്കും കിട്ടണ്ട എന്ന സദാചാര പോലീസിന്റെ (സദാ… ചാര പോലിസ് എന്നും പറയാം) അഴുകിയ കാഴ്ച്ചപ്പാട് പടരാതിരിക്കട്ടെ. അതിനായി പൊതുസമൂഹം സ്ത്രീപുരുഷ ബന്ധങ്ങളെ വിശാലമായി നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇനി ചിന്തിക്കൂ… അങ്ങിനെയാണെങ്കില്‍ എന്തിനാണ് ഇവിടെ ബോയ്‌സ് ഒണ്‍ലി ഗേള്‍സ് ഒണ്‍ലി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്സില്‍ എന്തിനാണ് സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ്, എന്തിനാണ് പ്രത്യേക ക്യൂ, എന്തിനാണ് മഹിളാ സംഘടനകള്‍? ഞങ്ങള്‍ സൂക്ഷിക്കേണ്ട വിഭാഗമാണ് മറ്റവന്‍മാര്‍ കൂതറകളും പ്രശ്‌നക്കാരും എന്ന ചിന്ത സ്ത്രീകളില്‍ ഉറപ്പിക്കാനും അവരുടെ ആത്മ വിശ്വാസം കുറയ്ക്കാനും മാത്രമേ ഇത് സഹായിക്കൂ. സ്ത്രീപുരുഷ സമത്വം മാറ്റി നിര്‍ത്തി ഉണ്ടാക്കേണ്ട… അല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘അങ്ങനെ ഒണ്ടാക്കേണ്ട’ ഒന്നല്ല.
ഇപ്പറഞ്ഞ രീതിയിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതെ തെരുവു നായ്ക്കളെ പോലെ പീഡകരെ പിടിച്ചു വന്ധ്യംകരിച്ചതു കൊണ്ടോ, മറ്റു കാക്കളെ പേടിപ്പിക്കാന്‍ വേണ്ടി ചത്ത കാക്കയെ കെട്ടി തൂക്കുന്നതു പോലെ മുറിച്ച ലിംഗങ്ങള്‍ ഭീഷണിയാക്കിയതു കൊണ്ടോ, ശക്തമായ നിയമ നിര്‍മ്മാണം നടത്തിയതു കൊണ്ടോ ശാശ്വത പരിഹാരം ആവുന്നില്ല. അല്ലെങ്കില്‍ പിന്നെ മേല്‍പറഞ്ഞ മാറ്റങ്ങളിലൊക്കെ വ്യാവസായികമായ എന്തെങ്കിലും ലാഭം ഏതെങ്കിലും കുത്തകകള്‍ കണ്ടെത്തിയാല്‍ രക്ഷപ്പെട്ടു. നാട്ടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കുത്തകള്‍ക്ക് മാത്രമല്ലേ കഴിയൂ. അതുവരെ മൈ ഡിയര്‍ ലേഡീസ്, അവനവനെ അവനവന്‍ സൂക്ഷിക്കുക. സ്വയരക്ഷയ്ക്ക് എടുക്കാവുന്ന മുന്‍കരുതലുകള്‍ എടുക്കുക. ലഡാക്ക് ന്യായങ്ങളും വാദങ്ങളും നിര്‍ബന്ധബുദ്ധികളും ഒഴിവാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട!!!
പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്‌നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം. മറ്റുള്ള ചില ****ളുടെ കാര്യം എനിക്ക് യാതൊരു ഉറപ്പുമില്ല…


വാല്‍ക്കഷ്ണം: ഒരുപക്ഷേ ഈ ലേഖനത്തിന്റെ തലക്കെട്ട് ‘കിടപ്പറയില്‍ വിജയിക്കാന്‍’ എന്നോ അല്ലെങ്കില്‍ വല്ല ‘ആനന്ദ മൂര്‍ച്ഛയ്ക്ക്’ എന്നോ മറ്റോ ആയിരുന്നെങ്കില്‍ കുറച്ചു പേര് കൂടി ഇത് വായിച്ചേനെ. ആകെ മൊത്തം ടോട്ടലായി ചുരുക്കിപ്പറഞ്ഞാല്‍ ആ ഒരു ഒരു ചീഞ്ഞ ആര്‍ത്തി ഉണ്ടല്ലോ… അത് ഇല്ലാതാവുന്ന കാലത്ത് ഈ നാട് നന്നാവും :)

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes