
എന്റെ സെല്ലുലോയ്ഡി'ന് കുറേ സമ്മാനം കിട്ടീട്ടുണ്ടല്ലോ. നല്ല സിനിമയായതുകൊണ്ട് കിട്ടീതാ...' ബിലാത്തികുളത്തെ ഫ്ലാറ്റിലിരുന്ന് ഭവന്ദിന് പറയാന്‍ വിശേഷങ്ങളേറെ.
കമലിന്റെ 'സെല്ലുലോയ്ഡി'ല്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജെ.സി.ഡാനിയേലിന്റെ മകന്‍ സുന്ദരന്‍ ഡാനിയേലായി വേഷമിട്ട അഞ്ചുവയസ്സുകാരനാണ് ഭവന്ദ്. മലയാളസിനിമയ്ക്ക് ഹരിശ്രീ കുറിച്ച ജെ.സി. ഡാനിയേലിന്റെ ജീവിതകഥ പറയുന്ന സിനിമയിലൂടെത്തന്നെ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലാപ്പറമ്പ് വേദവ്യാസവിദ്യാലയത്തില്‍ യു.കെ.ജി. വിദ്യാര്‍ഥിയായ ശംഭു എന്ന് വിളിപ്പേരുള്ള ഈ കൊച്ചു കലാകാരന്‍.
''സ്‌കൂളിലെ മിസ്സുമാരൊക്കെ വെരി ഗുഡ് പറഞ്ഞു, പ്രിന്‍സിപ്പല്‍ ചോക്ലേറ്റും തന്നു. ചോക്ലേറ്റ് എനിക്കുമാത്രമേ തന്നുള്ളൂ. അതെന്താന്നറിയ്യോ? ഒരു സിനിമാ നടനേ സ്‌കൂളിലുള്ളൂ, അത് ഞാനാ. മിസ് അമ്മയെ വിളിച്ച് ഞാന്‍ നന്നായി ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.'' സ്‌കൂളില്‍ സ്റ്റാറായതിന്റെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ടി.വിയില്‍ സെല്ലുലോയ്ഡിലെ 'കാറ്റേ കാറ്റേ...' പാട്ടു വന്നു. പിന്നെ ഷൂട്ടിങ്ങിനിടയിലെ കാര്യങ്ങളായി. ''പൃഥ്വിരാജങ്കിളിനും മമതാന്റിക്കും ഒപ്പം കുതിരവണ്ടീല് കയറി കുറേദൂരം പോയി. പിന്നെ ഞങ്ങള്‍ ഒരു കൊച്ചുവീട്ടില്‍ പോയി. എന്റെ പടം തലകുത്തി നില്‍ക്കുന്നതുകണ്ട് മമതാന്റി ചോദിക്ക്യാ ഇതെന്താ നമ്മുടെ മോന്‍ തലകുത്തി നില്‍ക്കുന്നതെന്ന് .''
ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സില്‍ വീഡിയോ എഡിറ്ററായ വടകര സ്വദേശി സുമേഷിന്റെയും ഡോ. ലക്ഷ്മിയുടെയും ഏകമകനാണ് ഭവന്ദ്. ''കമല്‍ സാറിന്റെ പടത്തിലേക്ക് അഞ്ചുവയസ്സുകാരനെ ആവശ്യമുണ്ടെന്ന കാര്യം ഒരു സുഹൃത്ത്‌വഴിയാണ് അറിഞ്ഞത്. കേട്ടപ്പോള്‍ ശംഭുവിന് പറ്റുമെന്ന് തോന്നി. അവനോട് ചോദിച്ചപ്പോള്‍ വലിയ ഉഷാറില്‍ പിന്നെന്താ എന്ന ഭാവം. അങ്ങനെയാണ് തിരുവനന്തപുരത്ത് കമല്‍ സാറിനെ കാണാന്‍ പോകുന്നത്. സാര്‍ മോനോട് കുറച്ചുനേരം സംസാരിച്ചു, പിന്നെ അവനെത്തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു. സാര്‍ പറയുംപോലൊക്കെ അവന്‍ ചെയ്തു. ഈ അടുത്തിടെ ഡി.സി.ബുക്‌സിന്റെ പുസ്തകമേളയില്‍വെച്ച് 'സെല്ലുലോയ്ഡി'ന്റെ തിരക്കഥ പ്രകാശനംചെയ്തപ്പോള്‍ ശംഭുവിനെ വേദിയിലേക്ക് വിളിച്ച് അഭിനന്ദിച്ചു. ''-സുമേഷ് പറയുന്നു.
''സിനിമയില്‍ പൃഥ്വിരാജിനൊപ്പമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ശംഭുവിന് വലിയ ആവേശമായിരുന്നു. അവനൊരു പൃഥ്വിഫാന്‍ ആണ്. ഇപ്പോള്‍ സെല്ലുലോയ്ഡില്‍ ഇരുപത് ദിവസത്തോളം പൃഥ്വിയുടെ കൂടെയുണ്ടായതും പൃഥ്വി എടുത്തതുമെല്ലാമായി വലിയ ത്രില്ലിലാണ് കക്ഷി''-അമ്മ ലക്ഷ്മിയുടെ കമന്റ്.
''സിനിമയില്‍ ഇനിയും അഭിനയിക്കാന്‍ ഇഷ്ടാ, പക്ഷേ വലുതായാല്‍ എനിക്ക് പോലീസ്‌കാരന്‍ ആവണം. ജീപ്പും യൂണിഫോമും തോക്കും ഒക്കെ പോലീസ്‌കാരനല്ലേ ഉള്ളൂ, അതുകൊണ്ടാണ്.'' ഇതുപോലെ പൃഥ്വിരാജിനോടുള്ള ഇഷ്ടത്തിനുമുണ്ട് ഭവന്ദിന് വ്യക്തമായ കാരണം-പൃഥ്വിയുടെ ബി.എം.ഡബ്ല്യു. കാറും മസിലും. കുഞ്ഞുമസില്‍ തലോടിക്കൊണ്ട് ഒരു കൂട്ടിച്ചേര്‍ക്കലും. ''ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതേ ബി.എം.ഡബ്ല്യു. വാങ്ങാനാ. പിന്നെ ഒരു ഓഡിയും വാങ്ങണം, ഒരു റേസിങ്‌സൈക്കിളും, ഒരു ഫൈറ്റിങ് പ്ലെയിനും... അത്രയും മതി, അല്ലേ അമ്മേ'' എന്നും പറഞ്ഞ് കുഞ്ഞുനടന്‍ പാമ്പും ഏണിയും കളിയിലേക്ക് സൈന്‍ഓഫ് ചെയ്യുന്നു.