BREAKING NEWS

Tuesday, March 5, 2013

സുന്ദരോ സുന്ദരീ !!!!

http://www.thehindu.com/multimedia/dynamic/01312/28tvf-quickfive_28_1312699e.jpg 
എനിക്കങ്ങനെ തന്നെ വരണം, കുറച്ചൊക്കെ ആത്മനിയന്ത്രണം എനിക്കുമാവം, അല്ലേല്‍ ഇങ്ങനെ ഇരിക്കും. എന്താണെന്നറിയുമോ? മലയാളികളുടെ ആദ്യത്തെ സ്വകാര്യ ചാനല്‍ ഈ അടുത്ത കാലത്തായി സംപ്രേഷണം ആരംഭിച്ച ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചാനല്‍ ഏതാണെന്നോ മനസ്സിലായിക്കാണുമല്ലോ മ്മടെ മാധവേട്ടന്റെ ഏഷ്യാനെറ്റിന്റെ കാര്യമാ പറയുന്നേ!!!!

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിര്‍ത്തിയപ്പോള്‍ അവതാരകയുടെ മംഗ്ലീഷ്, ജഡ്ജുമാരുടെ സംഗതികള്‍ എല്ലാം ഇനി കേള്‍ക്കണ്ട എന്നു സമാധാനിച്ചു. ആറുകൊല്ലം കൊണ്ട് തരക്കേടില്ലാതെ ജനപ്രീതി സമ്പാദിച്ച ഒരു പ്രോഗ്രാമിന്റെ സമയത്ത് എന്ത് പുതുമ നിറഞ്ഞ പരിപാടി ആയിരിക്കും ഏഷ്യാനെറ്റ് കൊണ്ടുവരുന്നതു എന്ന് ആകാംഷയോടെ കാത്തിരുന്ന പ്രേഷകരുടെ മുന്നിലേയ്ക്ക് ഇതാ വരുന്നു’ സുന്ദരന്‍ നീയും സുന്ദരി ഞാനും’. മിനിസ്‌ക്രീനിലെ താരങ്ങള്‍ കൈരളി ചാനലില്‍ കാണിച്ച തെയ്ക്കൂത്തിന്റെ ഒരു പരിഷ്‌കൃതരൂപം. ഇവിടെ ഒരു ടീമില്‍ രണ്ടു പേരെ ഉള്ളൂ. വൈകിട്ടുള്ള വാര്‍ത്ത കഴിഞ്ഞാല്‍ കിടക്കാന്‍ നേരം വരെ അവരുടെ മുഖം കാണാന്‍ ആയിരിക്കും പ്രേഷകരുടെ വിധി. അല്ലെങ്കില്‍ സീരിയലില്‍ മാത്രം മതിയാരുന്നു ഇതിപ്പോള്‍ റിയാലിറ്റി ഷോയിലും അവര്‍ തന്നെ. അവരെ കാണണ്ടേ, എങ്കില്‍ റിമോട്ട് എടുത്തു ചാനല്‍ മാറ്റിക്കോ ന്യൂസ് ചാനെല്‍ മാത്രം ശരണം.

സുരേഷ്‌ഗോപി, ശ്വേത മേനോന്‍, റിമാ, എന്നിവര്‍ക്കൊക്കെ ആകാമെങ്കില്‍ എനിക്കെന്താ ആയിക്കൂടെ ഇതിന്റെ അവതാരികയെക്കുറിച്ച് ഒരു ആമുഖം പറഞ്ഞതാ. രണ്ജിന്യ്ക്ക് ശേഷം അതുപോലെ തന്നെയുള്ള ഒരു മംഗ്ലീഷ് മങ്കയെ ഏഷ്യാനെറ്റ് തപ്പിയെടുത്തു. മലയാളസിനിമയിലെ ലേറ്റസ്റ്റ് നീലത്താമര; എന്ത് !!!!????ഇനിയും മനസ്സിലായില്ല തെളിച്ചു പറയാം, ഡല്‍ഹിമലയാളി അര്‍ച്ചന കവി. അവതാരികയുടെ എന്‍ട്രി ധസ്ലോ മോഷന്‍പ)),പ മുതല്‍ ജഗതിചേട്ടന്‍ രണ്ജിനിയെപ്പറ്റിപ്പറഞ്ഞപോലെ അരോചകം തന്നെ. സംസാരിച്ചു തുടങ്ങുന്നതോ ഹൈ പ്രഷറില്‍, പിന്നെ കുറെ ആട്ടവും ഇളക്കവും.. എന്തോ കീ കൊടുത്തുവിട്ട ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍ പോലെ..(ഷെമിക്കണേ ഇനിയിപ്പോള്‍ ഇങ്ങനെ ഇളകുന്നതും ഒരു ഫാഷന്‍ ആണെങ്കിലോ?) അലാരിപ്പില്‍ തുടങ്ങി ധില്ലാനയിലും തീരാത്ത ഒരു മാതിരി നാട്യം..അതും പോരാത്തതിന് മംഗ്ലീഷ് കലര്‍ന്ന വെര്‍ബല്‍ ബോംമ്പിങ്ങും..വേഷമോ ചില ദിവസം ഡിസൈനര്‍ ബെറ്റിക്കോട്ട്… ജഡ്ജ് കമ്മന്റ് പറയുബോള്‍ ആ സ്‌റ്റേജില്‍ നിന്ന് മച്യൂരിട്ടി ഇല്ലാത്ത കുട്ടികളെപ്പോലെ മത്സരാര്‍ഥികളുടെ ദേഹത്ത് ഒരു കൈത്താങ്ങും കൊടുത്തു, ചില അപശബ്ദങ്ങളും ഇട്ടു ആ കവികൊച്ചു കാണിക്കുന്നത് കണ്ടാല്‍ ആര്‍ക്കാ ദേഷ്യം വരാത്തെ? [നിങ്ങള്‍ക്ക് വന്നില്ലെങ്കില്‍ എന്നോട് ക്ഷമിക്കുക]




(നമ്പൂരി: ജഗതിചേട്ടന്‍ പറഞ്ഞത് തന്നെയെ എനിക്കും പറയാന്‍ ഉള്ളൂ അവതാരിക ഒരിക്കലും വിധികര്‍ത്താക്കള്‍ ആകരുത്).
അവതാരികയെ മാത്രം സഹിച്ചാല്‍ പോര ജഡ്ജ്മാരാണ് അതിലും ‘ഫീ’കരം. കെ പി എസി ലളിത, ടിനി ടോം, സുധീഷ്, മലയാളം നല്ലപോലെ മനസിലാവുകപോലുമില്ലാത്ത കനിഹ, പിന്നെ ഒരാളുകൂടെയുണ്ട് സാക്ഷാല്‍ രഞ്ജിനി ഹരിദാസ്. അവതാരികയില്‍ നിന്ന് വിധികര്‍ത്താവായി സ്ഥാനക്കയറ്റം കിട്ടിയ മഹതി. മേല്‍പ്പറഞ്ഞ വിധികര്‍ത്താക്കളില്‍ ടിനി ടോം മാത്രം എന്തോ തന്റെ റോളിനോട് നീതി പുലര്‍ത്തുന്നുണ്ട് എന്ന് തോന്നുന്നു. ലളിതചേച്ചിയും വല്യകുഴപ്പമില്ല. പക്ഷെ ഒരു എപ്പിസോഡില്‍ രണ്ജിയുടെയും അവിടെയുള്ള യുവമിധുനങ്ങളുടെകൂടെ സ്‌റ്റേജില്‍ നിന്ന് ഡാന്‍സ്, അതും ബ്രേക്ക് ഡാന്‍സ് കളിക്കുന്നത് കണ്ടു. ഉള്ളത് പറയുവ ലളിതചേച്ചി ബോര്‍ ആയിപ്പോയി കേട്ടോ..
ബാക്കി ജഡ്ജുമാര്‍ എല്ലാരും ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ പോലെ പറയുന്നുണ്ട്. കനിഹയൊക്കെ എന്താ പറയുന്നത് എന്ന് അവര്‍ക്ക് പോലും ഒരു നിശ്ചയമില്ല. മലയാളം പോലും മനസ്സിലാവില്ലാത്ത കനിഹ മലയാളം റിയാലിറ്റി ഷോ ജഡ്ജു ചെയ്യുന്നു!!!! കലികാലം, സഹിക്കുക അല്ലാതെന്തു പറയാന്‍…രഞ്ജിനിയെപ്പറ്റി പിന്നെ പറയണ്ടല്ലോ ഒരു ‘ബുജീ’യാണെന്ന ഭാവത്തില്‍ അങ്ങ് തുടങ്ങും. പിന്നെ ‘മാങ്ങ പറി, ചെളിക്കുത്തു’. പരിപാടിയുടെ ആദ്യ ആഴ്ചയില്‍ എല്ലാരും എല്ലാര്ക്കും മാര്‍ക്ക് ചുമ്മാ വാരിക്കോരിക്കൊടുക്കുകയായിരുന്നു.
നിങ്ങള്‍ തന്നെ പറ ജഡ്ജ്മാരായാല്‍ കുറച്ചെങ്കിലും ജഡ്ജ് ചെയ്യാന്‍ അറിഞ്ഞിരിക്കണ്ടേ? കോമടിസ്റ്റാര്‍ പ്രോഗ്രാമില്‍ അനൂപ് ചന്ദ്രന്‍ പറയുന്നത് കേട്ടിട്ടില്ലേ? എത്ര നന്നായി തെറ്റുകളും കുറവുകളും പറഞ്ഞുമനസ്സിലാക്കികൊടുക്കുന്നു!!!!
രാജേഷ് ഹബ്ബാര്‍ & സോനു, ബീന ആന്റണി & മനോജ്, അനൂപ് & അനൂ, ടോഷ് &ഡിമ്പിള്‍, ക്രിസ്ടി & സിനി, അവസാനമായിട്ടു ലീന&രഞ്ജിത് എന്നിവരാണ് മത്സരാ’ര്‍ത്തി’കള്‍. ഇത്തവണ എന്തോ ഒന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയെ ഇതുവരെ എത്തിയുള്ളൂ. സ്‌കിറ്റ് റൌണ്ട്, പല്ലവി റൌണ്ട്, ഫേവറിറ്റ് റൌണ്ട്, റോമാന്‍സ് റൌണ്ട്, ദംഷരാസ്, ഫസ്റ്റ് നൈറ്റ് റൌണ്ട്, ഗസ്സ് ദി ഐറ്റം, പിന്നെ ഒരു ടോപിക്കിനെ കുറിച്ച് അപ്പോള്‍ തന്നെ സ്‌കിറ്റ് ഉണ്ടാക്കി അവതരിപ്പിക്കുക, ചെന്നൈ ഫീവര്‍, അങ്ങനെ കുറെ റൌണ്ട്. അതില്‍ സ്‌കിറ്റ് റൌണ്ട് സാമന്യം നിലവാരം പുലര്‍ത്തുന്നു. ബാക്കി ഓള്‍ ആര്‍ മാത്തമാറ്റിക്‌സ് തന്നെ.
ഈ പരിപാടി ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി ഒരുദ്ദാഹരണം പറയാം പല്ലവി റൌണ്ടില്‍ ഏതെങ്കിലും ഒരു പാട്ടിന്റെ പല്ലവി (ബ്രഹ്മാനന്ദന്‍, വിധു, ടിനു എന്നിവരില്‍ ആരെങ്കിലും) പാടും. അതില്‍ ഒരു വാക്ക് അല്ലെങ്കില്‍ അക്ഷരം തെറ്റായിരിക്കും. ആ തെറ്റ് കണ്ടുപിടിച്ചു തിരുത്തണം. അങ്ങനെ രണ്ടു ചോദ്യം അതിന്റെ ഉത്തരം കണ്ടുപിടിച്ചാല്‍ നാല്‍പതു വീതം മാര്‍ക്ക്. രണ്ടു ചോദ്യവും ശേരിയായാല്‍ എണ്‍പത് മാര്‍ക്ക് ബാക്കി ഇരുപതു ജഡ്ജിമാര് കൊടുക്കും. അത് അവരുടെ പെര്‍ഫോര്‍മന്‍സിനെ അടിസ്ഥാനമാക്കി. ഇതില്‍ അവര്‍ക്ക് എന്താണ് പെര്‍ഫോം ചെയ്യാനുള്ളത് എന്ന് മനസ്സിലാകുന്നില്ല. അവര് പാട്ട് ശ്രെദ്ധിക്കുന്നതാണോ പെര്‍ഫോമന്‍സ്?
ഇത് തന്നെയാ ഗസ് ദി ഐറ്റം റൌണ്ട്, ക്ലൂ കേട്ടിട്ട് പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനം എന്താണെന് പറയണം. ശെരിയുത്തരം പറഞ്ഞാലോ ജഡ്ജിന്റെ കമന്റു കേള്‍ക്കണം നല്ലപോലെ പെര്‍ഫോം ചെയ്തു, ഭയങ്കര ബുദ്ധിയാണ് നിങ്ങള്ക്ക് എന്നൊക്കെ. എന്താ അവര് പെര്‍ഫോം ചെയ്തത് ????ഈ റൌണ്ടില്‍ ഒക്കെ ജഡ്ജിന്റെ ആവശ്യം ഉണ്ടോ????
ടീമിലെ ഒരാളോട് ഒരു സിനിമപ്പേര് പറഞ്ഞിട്ട് അത് ടീമിലെ മറ്റെയാളോട് ആംഗ്യഭാഷയില്‍ കാണിക്കാന്‍ പറയും, ആ ‘കോപ്രായം’ കണ്ടു മറ്റെയാള്‍ ഉത്തരം കണ്ടുപിടിക്കുന്നതാണ് ദംഷരാസ്.
റൊമാന്‍സ് റൌണ്ട്, ചെന്നൈ ഫീവര്‍ ഡപ്പാന്‍ കൂത്ത്, ഫേവറിറ്റ് റൌണ്ട് ഒക്കെ ജസ്റ്റ് സഹിക്കാം. സ്‌കിറ്റ് റൌണ്ട് വഴി ജനങ്ങളില്‍ നല്ല ഒരു മെസ്സേജ് എത്തിക്കാന്‍ എല്ലാ ടീമും ശ്രേമിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍!!!!
നമ്പൂരി: ചാനലുകാരോട് പറയാനുള്ളത് എന്താണെന്നെച്ചാല്‍, പരിപാടിയുടെ വിജയത്തിനായി ആരും നടക്കല്ലേ’ല്‍’ ഇരിക്കല്ലേ എന്ന് പറഞ്ഞപോലെ ആദ്യം തന്നെ അവതാരികയെ ഒന്ന് മാറ്റിപ്പരീക്ഷിച്ചു നോക്കുക. പരീക്ഷിക്കുമ്പോള്‍ മലയാളം നല്ലപോലെ സംസാരിക്കുന്ന ആരെയെങ്കിലും ഒന്ന് സെലക്ട് ചെയ്യണേ. ഒരു ദിവസം മഴുവന്‍ മലയാളം വാര്‍ത്താചാനല്‍ കാണിച്ചുപഠിപ്പിച്ചിട്ടേ റിയാലിറ്റിഷോയ്ക്ക് സെലക്റ്റ് ചെയ്യാവ്വൂ. അവരുടെ വേഷവും സംസാരവും ഒന്ന് മനസ്സിലാക്കട്ടെ. അല്ലെങ്കില്‍ നമ്മുടെ ആകാശവാണിയില്‍ ‘സുഷമ’വാര്‍ത്തവായിക്കുന്നത് ഒന്ന് വെച്ച്‌കൊട്, കേള്‍ക്കട്ടെ മലയാളം പറയുന്നത് എങ്ങനെയെന്നു? ഈ പ്രോഗ്രാമില്‍ ഏഷ്യാനെറ്റ് രണ്ജിനിയെപ്പോലെ ഒരു മംഗ്ലീഷ്‌കാരിയെ മനപ്പൂര്‍വം തിരഞ്ഞെടുത്തതാണോ???
അടുത്തത് ജഡ്ജ് ചെയ്യുന്നവര്‍ ഞാന്‍ കണ്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും നല്ല ജഡ്ജുമാരായി എനിക്ക് തോന്നിയ ചിലരാണ് നടന്‍മാരായ അനൂപ് ചന്ദ്രന്‍, സിദ്ദിക് , സംവിധായകന്‍ രഞ്ജിത്ത്, ഗായകരായ വേണുഗോപാല്‍, സുജാത, ചിത്രചേച്ചി തുടങ്ങിയവര്‍. ; വിധി പറയാന്‍ ഇവരെ തന്നെ വിളിക്കണം എന്ന് പറയാന്‍ എനിക്ക് ഒരു പ്രേഷകന്‍ എന്ന നിലയ്ക്ക് അവകാശം ഉണ്ടെങ്കിലും അധികാരമില്ല എന്നറിയാം. അല്ലെങ്കിലും ഇത്തരം നിലവാരം ഇല്ലാത്ത പ്രോഗ്രാമിന് അവര്‍ വരുമോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രോഗാമില്‍ ഇപ്പോള്‍ ഉള്ളതില്‍ വെച്ച് എന്തെങ്കിലും അറിയാവുന്നത് ടിനി ടോമിന് മാത്രമാണ്. ജഡ്ജിംഗ് പാനലില്‍ ഒരു വലിയ മാറ്റം പ്രതീക്ഷിക്കുന്നു.
പിന്നെ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരോട് കൈരളി ചാനലില്‍ ഉണ്ടായിരുന്ന അതെ പ്രോഗ്രാം പൊടീ തട്ടി റൌണ്ടിന്റെ പേര്മാറ്റി, അതെ മത്സരാര്‍ഥികളെക്കൊണ്ട് അവതരിപ്പിച്ചാല്‍ എന്ത് റേറ്റിങ്ങ് ആണ് കൂടുന്നത്? പൊതുജനം കഴുത എന്നപോലെ ഇവിടെയും ഉണ്ടല്ലോ കുറെപ്പേര്‍, ചുമ്മാ വന്നു കയ്യടിക്കാന്‍ മാത്രം ഉള്ളവര്‍. അവര്‍ക്കും ഭാഗഭാക്കുകള്‍ ആകാവുന്ന പോലെ ഒരു റൌണ്ട് പ്ലാന്‍ ചെയ്യുക. രാവിലെ ഒരു കട്ടന്‍ ചായ വേണം എന്ന ശീലം പോലെ, രാത്രി എട്ടിനും ഒന്‍പതിനും ഇടയ്ക്ക് എസ് എം എസ് അയക്കാതിരിക്കാന്‍ കഴിയാത്ത ഒരു വിഭാഗം ഇപ്പോഴുമുണ്ട് എന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ ആറുവര്‍ഷക്കാലം ഐഡിയ ഗായകര്‍ക്ക് വേണ്ടി വോട്ട് ചെയ്ത അങ്ങനെ ഒരു ശീലം ഉടലെടുക്കപ്പെട്ട പ്രേക്ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും എസ് എം എസ് റൌണ്ട് ഉണ്ടാക്കുക. പിന്നെ സീരിയല്‍ താരങ്ങള്‍ക്ക് ഒരു വിശ്രമം കൊടുത്ത് പൊതുജനങ്ങളെ പരിപാടിയില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ എന്തെല്ലാം ചെയ്യാം? ഇത് ചുമ്മാ വീണിടത്ത് കിടന്നുരുണ്ട്, ആര്‍ക്കോ വേണ്ടി ഒക്കാനിക്കുന്നു. ഇതേ നിലവാരത്തില്‍ തന്നെയാണ് ഈ പ്രോഗ്രാം മുന്നോട്ടു പോകുന്നത് എങ്കില്‍ ഇതിന്റെ ഒപ്പിസു മിക്കവാറും ഉടനെ ചൊല്ലെണ്ടി വരും… തീര്‍ച്ച!!!!

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes