BREAKING NEWS

Monday, February 18, 2013

ആശങ്കകളുടെ തീതുള്ളികള്‍

beta‘സ്വന്തം അച്ഛന്റെ മടിയിലിരിക്കാന്‍ പോലും പേടിക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തേപറ്റൂ എന്ന് തീരുമാനിച്ചുവെന്ന് മമ്മുക്ക ടിവിയില്‍ പറയുന്നതെന്താണ് ഇക്കാക ..?
കഴിഞ്ഞ ദിവസം പത്തു വയസ്സുകാരി കസിന്‍ ചോദിച്ച ഈ ചോദ്യം എന്റെ മനസ്സില്‍ വല്ലാത്തൊരു നടുക്കമായി ഇപ്പോഴും അവശേഷിക്കുന്നു .
‘ഫേസ് ടു ഫേസ് ‘ എന്ന പുതിയ സിനിമയുടെ ട്രൈലറില്‍ മമ്മൂസിന്റെ ആ ആ വാചകങ്ങള്‍ പലപ്പോഴും പല ചാനലുകളിലൂടെയും കേട്ടിരുന്നെങ്കിലും കേവലമൊരു സിനിമാപരസ്യം എന്ന പരിഗണന മാത്രമേ ഞാനതിന് കൊടുത്തിരുന്നുള്ളൂ .’അതൊരു സിനിമയുടെ പരസ്യമല്ലേ മോളൂ..! മമ്മുക്ക തന്റെ റോളിനെക്കുറിച്ച് പറയുന്നതല്ലേ എന്ന് പറഞ്ഞു ആ കൊച്ചുമനസ്സിനെ അപ്പോള്‍ സ്വാന്തനിപ്പിച്ചെങ്കിലും ആ വാചകങ്ങള്‍ മോളുടെ മനസ്സില്‍ വീഴ്ത്തിയ ആശങ്കയുടെ തീതുള്ളികളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് അക്കാര്യത്തെപ്പറ്റി അല്‍പ്പം ഗഹനമായിതന്നെ ചിന്തിച്ചത്.

മറ്റു വാര്‍ത്താമാധ്യമങ്ങളെപ്പോലെയല്ല ടെലിവിഷന്‍ , സമകാലിക മാധ്യമ രംഗങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇന്ന് ടെലിവിഷന്‍ ചാനലുകള്‍ തന്നെയാണെന്നകാര്യത്തില്‍ രണ്ടു പക്ഷമില്ല, പിച്ചവെച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളെ മുതല്‍ കുഴിവക്കോളമെത്തിയ വൃദ്ധരെ വരെ സ്വാധീനിക്കുന്നവയാണ് ടി.വി.പരിപാടികള്‍ , അവയില്‍ സിനിമ,സീരിയല്‍, കോമഡി പ്രോഗ്രാമുകളാണ് കുടുംബസദസ്സുകളില്‍ ഭൂരിപക്ഷത്തിനെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത് എന്നതും നമുക്കറിയാം , സിനിമാ സീരിയല്‍ താരങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് നമ്മുടെ കുട്ടികളും കുടുംബിനികളും കരുതിപ്പോരുന്നത്. രക്ഷിതാക്കളുടെയും ഗുരുനാഥന്‍മാരുടെയും വാക്കുകളേക്കാള്‍ കുട്ടികള്‍ വിലമതിക്കുന്നത് പലപ്പോഴും അവരുടെ പ്രിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന വീരശൂരപരാക്രമികളും അമാനുഷികരുമായ താരങ്ങളുടെ വാക്കുകളാണെന്ന് പലപ്പോഴും തോന്നാറുണ്ട്.
സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസംസ്‌കൃത പദാര്‍ഥമാവുകയും വാര്‍ത്തകള്‍ വിപണനമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സംഭവങ്ങളെ വാര്‍ത്തയാക്കുക മാത്രമല്ല വാര്‍ത്തകളെ വിവാദമാക്കുകയാണ് അതിന്റെ വിനിമയമൂല്യം കൂട്ടുന്നതെന്ന കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍എത്തിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു.
കൊച്ചു സംഭവങ്ങളെ പര്‍വ്വതീകരിച്ച് സീരിയലുകളായും ഫീച്ചറുകളായും കണ്ണീര്‍ കഥകളാക്കി സമൂഹമനസ്സാക്ഷിയുടെ ആഴങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണിന്നു കണ്ടുവരുന്നത്, തങ്ങളുടെ ചാനലിന്റെ അല്ലെങ്കില്‍ പ്രോഗ്രാമിന്റെ റേറ്റ് കൂട്ടുക എന്നൊരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഇത്തരം വൈകൃതങ്ങള്‍ പടച്ചു വിടുന്നവര്‍ ഇതിന്റെ കാഴ്ചക്കാരില്‍ തങ്ങളുടെ മക്കളും കുടുംബവും ഉള്‍പ്പെടുന്നുണ്ടെന്നുള്ളതും ഒരുവേള ബൂമറാംഗ് പോലെ ഇത് തങ്ങളിലേക്കുതന്നെ തിരിച്ചെത്തുന്ന കാലം വിദൂരമല്ല എന്നതും ഓര്‍ക്കുന്നത് നന്ന് .
അച്ചന്‍ മകളെ പീഡിപ്പിച്ച കഥകള്‍ ; സഹോദരന്‍ സഹോദരിയെ നശിപ്പിച്ചവാര്‍ത്തകള്‍, അമ്മാവന്‍മാരുടെടെയും സഹോദരസ്ഥാനീയരുടെയും കാമകേളികള്‍ തുടങ്ങിയവ ടി.വിയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മുടെ കുടുംബങ്ങളിലെ അകത്തളങ്ങളിലേക്ക് എത്തുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരും സ്‌നേഹനിധികളുമായ അച്ഛന്റെ;സഹോദരന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു സാധ്യത ഉണ്ടെന്ന അറിവ് ഈ കൊച്ചു മനസ്സുകളില്‍ വ്യാകുലതയുടെ സന്ദേഹങ്ങള്‍ ഉണര്‍ത്താനുള്ള സാധ്യത ഏറെയാണ്, തന്റെ പ്രിയജനങ്ങളുടെ മുഖത്ത് നോക്കാന്‍ ഒരു അധൈര്യം അവരില്‍ ഉടലെടുത്തേക്കാം, ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത കുഞ്ഞു മക്കള്‍ ഈ പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകളും പരിപാടികളും കാണാനിടയായാല്‍ തങ്ങള്‍ക്ക് അതുവരെ അന്യമായിരുന്ന ഒരു ചിന്ത അല്ലെങ്കില്‍ ഒരു ഉള്‍ഭയം അവരില്‍ ഉടലെടുക്കാന്‍ അത് കാരണമാവുകയും ചെയ്യും, മക്കളുടെ മനസ്സില്‍ വീഴുന്ന വിനാശകരമായ ഉത്കണ്ഠയുടെ ഇത്തരം തീപ്പൊട്ടുകള്‍ അഗ്‌നിയായി വളരാന്‍ സാധ്യത വളരെ കൂടുതലാണ്.
സ്വന്തം നെഞ്ചിലെ ചൂടും ചൂരും നല്‍കി കൈ വളരുന്നോ; കാല്‍ വളരുന്നോ എന്ന കരുതലോടെ പ്രാണനെപ്പോലെ വളര്‍ത്തിക്കൊണ്ട് വരുന്ന പൊന്നു മക്കള്‍ തന്നെ സംശയത്തോടെ വീക്ഷിക്കുന്നത് ഏതു പിതാവിനാണ് താങ്ങാനാവുക! ആത്മാംശമായി കരുതിപ്പോരുന്ന സ്വന്തം രക്തത്തെ കഴുകകണ്ണുകളോടെ ഒരു നിമിഷമെങ്കിലും നോക്കാന്‍ വിവേകമുള്ള ഒരു പിതാവിന് കഴിയുമോ ?
സമകാലീക സംഭവപരമ്പരകളെക്കുറിച്ച് കേള്‍ക്കാതെയോ അറിയാതെയോ അല്ല ഇത്രയും കുറിച്ചത് ,ദൈവത്തിന്റെ സ്വന്തം നാടെന്നു കേളികേട്ട നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തയും കൂരമ്പായി ഇടനെഞ്ചിനെ തുളക്കുമ്പോഴും ഇത് കാടന്മാര്‍ നിറഞ്ഞ ; സാംസ്‌കാരികമായി അധ:പധിച്ചുപോയ വേറിട്ട മറ്റൊരു സമൂഹത്തില്‍ സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിതോപയോഗം മൂലം മനോനിലതെറ്റിയ ന്യൂനപക്ഷം വരുന്ന ചിലരുടെ കാട്ടിക്കൂട്ടലുകലായി ഇത്തരം നീചകൃത്യങ്ങളെ കാണേണ്ടിയിരിക്കുന്നു , അല്ലാതെ സമൂഹത്തെ മൊത്തത്തില്‍ ബാധിച്ച വൈകല്യമായി ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങളെ വിലയിരുത്തിക്കൂടാ ,സ്‌നേഹം, ദയ, കാരുണ്യം, വിശ്വാസം,അലിവ് തുടങ്ങിയ മനസ്സിലെ നൈര്‍മല്യമുള്ള വികാരങ്ങള്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണോ! പരസ്പര ധാരണകളുടെയും സ്‌നേഹബന്ധങ്ങളുടെയും ഊഷ്മളത കൈമോശം വരുന്നുവോ! കുത്തഴിഞ്ഞ പാശ്ചാത്യസംസ്‌കാരത്തെ നമ്മുടെ ലാളിത്യമാര്‍ന്ന സംസ്‌കാരത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിക്കുന്നത് മൂലം കുടുംബബന്ധങ്ങളുടെ നൈര്‍മല്യവും കെട്ടുറപ്പും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കാം. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയും ചോക്ലേറ്റ് സംസ്‌കാരവും ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശിഥിലീകരിക്കുന്ന കാഴ്ചകളും അന്യമല്ലല്ലോ! ഭരണ പ്രക്രിയകളില്‍ പങ്കാളികളായവര്‍ തന്നെ ഇത്തരം പീഡന കഥകളില്‍ ഇടം പിടിക്കുമ്പോള്‍ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്ന വസ്തുത നാം പലതവണ കണ്ടതാണ് , ബലവാന്മാരുടെ പക്കല്‍ നിന്നും നീതി ഇരന്നു വാങ്ങേണ്ടതായ ഗതികേടിലേക്ക് നാം വഴുതി വഴുതി പോവുകയാണെന്ന് സാരം .
മനോവൈകല്യമുള്ളവര്‍ ലോകത്തിന്റെ ഏതു കോണിലും ഏതു സമൂഹത്തിന്നിടയിലും അന്നും ഇന്നും ഒരുപോലെയുണ്ട്, ഇത്തരം പീഡനങ്ങള്‍ മുന്‍കാലഘട്ടങ്ങളിലും നടന്നിരുന്നു എന്നും നമുക്കറിയാം , പക്ഷെ അന്ന് അത് പ്രാദേശിക കൂട്ടായ്മകളിലൂടെയോ കുടുംബങ്ങളുടെ അകത്തളങ്ങളിലോ ഒതുക്കി പരിഹരിക്കപ്പെട്ടിരുന്നു. മാത്രവുമല്ല, ഇന്നത്തെപ്പോലെ പ്രചുര പ്രചാരണത്തിനുള്ള ഉപാധികളും കുറവായിരുന്നല്ലോ!
കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല, പക്ഷേ ചര്‍ച്ച ചെയ്തും അതിശയോക്തി കലര്‍ത്തിയും പ്രചരിപ്പിക്കേണ്ട ഒന്നല്ല ഇത്തരം വാര്‍ത്തകള്‍ .മാധ്യമങ്ങള്‍ നിലനില്‍പ്പിന്റെ പ്രശ്‌നം എന്ന നിലയില്‍ വില്‍പ്പനമൂല്യമുള്ള വാര്‍ത്തക്കുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ എന്തും ഏതും വാര്‍ത്തയാക്കാനാണ് ശ്രമിക്കുന്നത്, ഈ പ്രവണതയുണ്ടാക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്.
സംഭവ കഥകളെന്ന പേരില്‍ ചില ‘മ’ വാരികകളിലും വനിതാ മാഗസിനുകളിലും ഇത്തരം അനുഭവക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്, ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് എന്തോ ഹിഡന്‍ അജണ്ടയുണ്ടോയെന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു, ഇതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷമേ ഭവിക്കൂ, ഇത്തരം വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും വെറുതെയാണെങ്കിലും തന്റെ കൂട്ടുകാരും കുടുംബക്കാരുമായ ആണ്‍കുട്ടികളെക്കുറിച്ച് മോശമായ ചിന്തകള്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ ഉടലെടുത്തെന്നു വരാം. അത് വളര്ച്ചയുടെതായ ബാല്യ കൌമാര ദിശകളില്‍ അവരെ ചഞ്ചലപ്പെടുത്തുകയും മാനസികമായി ഉലക്കുകയും തളര്‍ത്തുകയും ചെയ്‌തേക്കാം, അതിനാല്‍ സമൂഹത്തിലെ നന്മയെ കരുതി ചില വാര്‍ത്തകളെ അവഗണിക്കാനും വാര്‍ത്തകളെ ആഘോഷമാക്കാതെ തന്നെ നല്‍കാനും ശ്രദ്ധിക്കേണ്ടതുണ്ട്, എത്ര വലിയ സത്യമാണെങ്കില്‍ പോലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ കാണാതെ പോകരുത്.

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes