ബലാല്‍സംഗം ചെയ്യപെട്ട പെണ്‍കുട്ടിയെ മികച്ച ചികിത്സക്കായ്
സിംഗപൂരിലേക്ക് അയച്ചാല്‍ പ്രതികളെ മികച്ച ശിക്ഷയ്ക്ക് സൗദി അറേബ്യയില്‍
അയയ്ക്കുമോ?
ഇത്തരമൊരു ഫെയ്സ്ബൂക് പോസ്റ്റാണ് എന്നെ ഇങ്ങനെ ചിന്തിക്കാന്‍
പ്രേരിപ്പിച്ചത്. പലരും രണ്ടാമതൊന്നു ചിന്തിക്കാതെ ഇത് ഷെയര്‍ ചെയ്യുകയും
ചെയ്തു. ഇന്ത്യയിലും ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പാക്കണമെന്ന് മറ്റു
ചിലര്‍. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍
നിയമം നടപ്പാക്കുന്നുണ്ടോ? അവിടെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി
ലഭിക്കുന്നുണ്ടോ?
ഇന്ത്യന്‍ നിയമങ്ങളെ പഴി പറയുകയും സൗദി മോഡല്‍ ഇന്ത്യയില്‍ വേണമെന്ന്
മുറവിളി കൂട്ടുകയും ചെയ്യുന്നവര്‍ താഴെ പറയുന്ന ചില സത്യങ്ങള്‍
മനസിലാക്കുന്നത് നല്ലതാണ്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് ചാട്ടവാറടി നല്‍കുന്ന അപൂര്‍വം
രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കൂട്ട ബലാത്സംഗതിനിരയായ 23 വയസുകാരിയെ
ഒരു വര്‍ഷം തടവിനും 100 ചാട്ടവാറടിക്കും സൗദി കോടതി ശിക്ഷിച്ചത് 2009
ലാണ്. ബലാല്‍സംഗം നടക്കുമ്പോള്‍ ശരിഅത് നിയമം ലംഖിച്ച് പെണ്‍കുട്ടി അന്യ
പുരുഷന്മാരുടെ മുന്നില്‍ നഗ്നയായി എന്നതാണ് കുറ്റം. മറ്റൊരു
കേസില്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി കൂട്ട മാനഭംഗം ചെയ്യപെട്ട 18
കാരിക്ക് പത്ര മാധ്യമങ്ങളോട് സംസാരിച്ചു എന്നതിന്റെ പേരില്‍ ചാട്ടവാറടി
ഇരട്ടിയാക്കിയതും ഇതേ കോടതിയാണ്. സൗദി ഭരണകൂടം ഈ തീരുമാനം ശരി
വയ്ക്കുകയാനുണ്ടായത്. കൂടാതെ റേപ്പ് കേസുകളില്‍ വൈദ്യ പരിശോധന തെളിവായി
അന്ഗീകരിക്കാറില്ല. ഇത് കാരണം പ്രതികള്‍ മറ്റു വകുപ്പുകളിലെ ചെറിയ
ശിക്ഷകളുമായി രക്ഷപെടാറാണ് പതിവ്. പീഡന കേസിലെ പ്രതികളെ ഇവിടെക്കയച്ചാല്‍
അവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാകും അത്. പല ഭരണ കൂടങ്ങളും
ഇന്നും ഇരയെ ആണ് പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.
ഇത്തരം രാജ്യങ്ങളില്‍ ബലാത്സംഗങ്ങള്‍ കുറവാണെന്ന് ചൂണ്ടികാട്ടിയാണ്
ചിലര്‍ വസ്ത്രധാരണമാണ് പീഡനത്തിനു കാരണമെന്നു സമര്‍ഥിക്കുന്നത്.എന്നാല്‍
കടുത്ത ശിക്ഷകള്‍ ഉള്ള രാജ്യങ്ങളില്‍ ഒരു ചെറിയ ശതമാനം പീഡനങ്ങള്‍
മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നു ചൂണ്ടി
കാണിക്കപ്പെടുന്നു. പീഡനത്തിനു ഇരയാവുന്നവര്‍ ശിക്ഷയ്ക്ക് പുറമേ
സമൂഹത്തില്‍ നിന്നുള്ള പുറന്തള്ളലിനും വിധേയമാകുന്നു. റേപ്പ്
ചെയ്യപ്പെടുന്നത് പ്രശ്നക്കാരായ സ്ത്രീകളാണെന്ന വിശ്വാസമാണ് ഇതിനു
കാരണം. ശിക്ഷയും വാങ്ങി ശിഷ്ട കാലം ഒരു വേശ്യയായി അറിയപ്പെടാന്‍ ആരും
ആഗ്രഹിക്കുന്നില്ലലോ. വര്‍ഷങ്ങളോളം വീട്ടുടമയുടെ അടിമത്തത്തിനും ലൈംഗിക
പീഡനത്തിനും വിധേയരാകുന്ന ഗദാമ്മമാരുടെ കഥയും വിഭിന്നമല്ല. ഗാര്‍ഹിക
പീഡനവും ശരിഅത് നിയമ പ്രകാരം കുറ്റകരമല്ല. അതായതു ഭര്‍ത്താവിന്റെയോ അമ്മായി
അമ്മയുടെയോ പീഡനത്തെ കുറിച്ച് ഭാര്യയ്ക്ക് പരാതിപ്പെടാന്‍
അവകാശമില്ലന്നര്‍ത്ഥം. ഇതൊക്കെ വച്ച് നോക്കിയാല്‍ ഇന്ത്യയിലെ നിയമങ്ങള്‍
എത്രയോ ഭേദം.
പീഡനം ഒരു മറയാക്കി സ്ത്രീകളെ പര്‍ദയുടുപ്പിക്കാനും ‘നല്ല വഴി’
പഠിപ്പിക്കാനും നടക്കുന്നവരുടെ ഹിഡന്‍ അജണ്ട നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.
സത്യത്തിന്റെ മുഖം അല്പം വിരൂപമായിരിക്കാം. പലപ്പോഴും വേദനിപ്പിക്കുന്നതും.
പക്ഷെ തൊങ്ങലു വച്ച നുണയെക്കാള്‍ നല്ലത് അല്പം വൈരൂപ്യമുള്ള സത്യം
തന്നെ. കടുത്ത ശിക്ഷാ നടപടികളെക്കാള്‍ സ്ത്രീയെ തുല്യതയോടെ കാണാന്‍
പഠിപ്പിക്കുന്ന ഒരു സംസ്കാരമാണ് നമുക്കാവശ്യം. സ്ത്രീ അമ്മയാണ് ദേവിയാണ്
എന്നൊക്കെ പറഞ്ഞിട്ട് മാത്രം കാര്യമില്ല. അത് പ്രവര്‍ത്തിയിലും കാണണം.